ഇത്‌ വായിക്കുന്നവരാരും നശിച്ച്‌ നാറാണകല്ല് പിടിക്കാതിരിക്കട്ടെ
ഹ.ഹ..ഹാ...
ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍18 August 2009

മാര്‍ക്കോണിയെന്ന മരമാക്രി

ബൂലോഗത്തില്‍ സുപ്രസിദ്ധനായ മരമാക്രിയുടെ ഊരും പേരും നാളുമാണ്‌ വെളിപ്പെടാന്‍ പോകുന്നതെന്ന ആകാംഷയോടെയാണ്‌ ആരെങ്കിലും ഇതുവായിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ഇപ്പോഴെ പറയുന്നു, 'മാ നിഷാദ' അതായത്‌, അരുത്‌ നിഷാദെ. മാത്രമല്ല നമ്മുടെ ബൂലോഗമാക്രി അടുത്തനാളുകളിലായി ഗഹനമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച്‌ മരമാക്രി എന്ന പദത്തിന്‌ വളരെ ബഹുമാന്യമായ അര്‍ത്ഥം നല്‍കുന്നതുകൊണ്ട്‌ എന്നെ പോലുള്ള പ്രാന്തന്മാര്‍ക്ക്‌ മരമാക്രി എന്ന പദം അതിന്റെ പരമ്പരാഗത അര്‍ത്ഥത്തില്‍ ഉപയോഗിക്കാനും കഴിയുന്നില്ല. ബൂലോഗമാക്രി കെട്ടിപ്പടുക്കുന്ന മാക്രികളുടെ മാന്യതയെ തൃണവത്ക്കരിച്ചു കൊണ്ട്‌ പച്ചമലയാളത്തില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, മാര്‍ക്കോണി ഒരു മരമാക്രിയാണ്‌. അതെ, ഇത്‌ നമ്മുടെ യഥാര്‍ത്ഥ മാര്‍ക്കോണിയെക്കുറിച്ചാണ്‌, റേഡിയോയുടെ വാപ്പയെന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിക്കാരനായ ഗുലിയേല്‍മൊ മാര്‍ക്കോണി. ഒരു ഇന്ത്യക്കാരന്റെ പരീക്ഷണങ്ങള്‍ മോഷ്ടിച്ച്‌, നോബല്‍ സമ്മാനം നേടിയ മാര്‍ക്കോണിയെ 'മ' കൂട്ടി മരമാക്രി എന്നല്ലാതെ എന്ത്‌ വിളിക്കാന്‍? കൃത്യമായി പറഞ്ഞാല്‍, നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഈ മോഷ്ടാവിന്‌ നോബല്‍ സമ്മാനം ലഭിച്ചത്‌.

ഈയടുത്തനാളില്‍, ഇറ്റലിയിലെ ബൊളോഞ്ഞക്കടുത്തുള്ള മാര്‍ക്കോണിയുടെ വീട്‌ ഈ പ്രാന്തന്‍ സന്ദര്‍ശിച്ചു. മാര്‍ക്കോണിയെക്കുറിച്ചും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളേക്കുറിച്ചും ഏറെ വാചാലാനായിരുന്നു അവിടുത്തെ ഇറ്റാലിയന്‍ ഗൈഡ്‌. ഞാനടക്കമുള്ള എല്ലാ ഇന്ത്യക്കാരും വാപൊളിച്ച്‌ അതെല്ലാം കേള്‍ക്കുകയും മാര്‍ക്കാണിയുടെ പരീക്ഷണമുറിയും ഉപകരണങ്ങളുമെല്ലാം കാണുകയും ചെയ്തു, കുറേ പടവുമെടുത്തു. എന്നാല്‍പിന്നെ നാലാളോട്‌ കുറച്ച്‌ ചാരിത്ര്യവും ചേര്‍ത്ത്‌ ഇതങ്ങ്‌ വിളമ്പിയേക്കാം എന്നുകരുതി നെറ്റില്‍ തനിസ്വഭാവത്തോടെ (ഭ്രാന്ത്‌) അലഞ്ഞുനടന്നപ്പോഴാണ്‌ ഇന്ത്യാക്കാരനായിരുന്ന ജഗദീഷ്‌ ചന്ദ്രബോസ്സാണ്‌ യഥാര്‍ത്ഥത്തില്‍ റേഡിയൊ കണ്ടുപിടിച്ചതെന്ന സത്യം മനസ്സിലായത്‌. ഇന്നും, ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ പോലും ഈ യാഥാര്‍ത്ഥ്യം അച്ചടിക്കുന്നില്ല. എന്തിനേറെ, ഭൂരിഭാഗം ഇലക്ട്രോണിക്ക്‌ എഞ്ജിനിയര്‍മാര്‍ക്കും വിദഗ്ദര്‍ക്കും അധ്യാപകര്‍ക്കും ഈ വസ്തുത അഞ്ജാതമാണ്‌. റേഡിയൊ എന്ന് പറയുമ്പോള്‍ നാമിന്ന് ഉപയോഗിക്കുന്ന റേഡിയൊ അല്ല അന്ന് കണ്ടുപിടിച്ചത്‌, മറിച്ച്‌ റേഡിയോ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനമായ 'കമ്പിയില്ലാ കമ്പിയടി' ആണ്‌ (wireless communication). 20ാ‍ം നൂറ്റാണ്ടിന്റെ മുഖച്ചായ മാറ്റിയെടുത്ത ദ്ര്യശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയ എല്ലാ ആശയവിനിമയ മുന്നേറ്റങ്ങളുടേയും അടിസ്ഥാനം ഈ കണ്ടുപിടുത്തമായിരുന്നു.

1901 ഡിസംബറിലാണ്‌ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിനു കുറുകേയും കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് മാര്‍ക്കോണി തെളിയിച്ചത്‌. പക്ഷെ അതിനായി അദ്ദേഹം ഉപയോഗിച്ചത്‌ ജഗദീഷ്‌ ചന്ദ്രബോസ്സിന്റെ സുപ്രധാനമായ കണ്ടുപിടിത്തം (Mercury Coherer) ആയിരുന്നു. ഈ വസ്തുത മാര്‍ക്കോണി തന്റെ ജീവിതകാലം മുഴുവന്‍ വിദഗ്ദമായി മറച്ചുപിടിക്കുകയും അതിന്റെ പേറ്റന്റ്‌ സ്വന്തം പേരില്‍ നേടുകയും ചെയ്തു എന്ന് ആധുനികശാസ്ത്രചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1988-ല്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കിയുള്ള Institute of Electronics and electrical Engineers (IEEE) ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട്‌. വാസ്തവത്തില്‍ മാര്‍ക്കോണിയും ജഗദീഷ്‌ ചന്ദ്രബോസ്സും 1894-ല്‍ തന്നെ കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് വ്യത്യസ്തരീതികളില്‍ തെളിയിച്ചിരുന്നു. കല്‍ക്കട്ടയില്‍ വച്ച്‌ ശ്രീ ബോസ്‌ നടത്തിയ പൊതുപ്രദര്‍ശനത്തില്‍ എതാണ്ട്‌ 2.5 km ദൂരത്തിലുണ്ടായിരുന്ന വെടിമരുന്ന് കമ്പിയില്ലാ തരംഗങ്ങള്‍ ഉപയോഗിച്ച്‌ കത്തിക്കുകയും ഒരു മണിമുഴക്കുകയും ചെയ്തു. ഇവയുടെ ദീര്‍ഘദൂര പരീക്ഷണമാണ്‌ ഇരുവര്‍ക്കും അസാധ്യമായിരുന്നത്‌. അതിനുള്ള പോംവഴിയായിട്ടാണ്‌ ശ്രീ ബോസ്സ്‌ Mercury Coherer കണ്ടുപിടിച്ചത്‌. മാര്‍ക്കോണി അറ്റ്‌ലാന്റിക്കിന്‌ കുറുകെയുള്ള പരീക്ഷണം നടത്തുന്നതിന്‌ മുന്‍പ്‌ തന്നെ, അതായത്‌ 1899-ല്‍ ലണ്ടനിലെ Royal Soceity-യില്‍ നടത്തപ്പെട്ട ഒരു സെമിനാറില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്‌ wireless communication-ന്റെ നാഴികകല്ലായ തന്റെ കണ്ടുപിടിത്തം പ്രബന്ധമായി അവതരിപ്പിച്ചിരുന്നു. ഇത്‌ പ്രശസ്ത്മായിരുന്ന ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാര്‍ക്കോണി തന്റെ പരീക്ഷണത്തില്‍ ശ്രീ ബോസ്സ്‌ കണ്ടുപിടിച്ചതിനു സമാനമായ ഉപകരണം ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും അത്‌ തന്റെ സുഹൃത്തായ ഒരു ഇറ്റാലിയന്‍ നേവല്‍ ഉദ്യോഗസ്ഥന്‍ സമ്മാനിച്ചതായാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ഇതേ കാരണത്താല്‍ മാര്‍ക്കോണിക്ക്‌ ലഭിച്ച പേറ്റന്റ്‌ പിന്നീട്‌ തിരുത്തപ്പെടുകയുണ്ടായി. സോളാരി എന്ന ഈ നേവല്‍ ഉദ്യോഗസ്ഥന്‍ പിന്നീടൊരിക്കല്‍ അഭിപ്രായപ്പെട്ടത്‌ മാര്‍ക്കോണിക്ക്‌ സമ്മാനിച്ച ഉപകരണത്തിന്റെ ആശയം തനിക്ക്‌ ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ നിന്നാണെന്നാണ്‌. ജഗദീഷ്‌ ചന്ദ്രബോസിനു മുന്‍പ്‌ മറ്റാരും ഇതിന്‌ സമാനമായി ഒരു കണ്ടുപിടുത്തം നടത്തുകയൊ പ്രസ്സിദ്ധീകരിക്കുകയൊ ചെയ്തിരുന്നില്ല. ഇതോടനുബന്ധിച്ച്‌ മറ്റു ചില സംഭവങ്ങളും ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌. 1901-ല്‍ ലണ്ടനില്‍ നടത്തിയ പ്രബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീ ബോസ്സ്‌ സുഹൃത്തായ രവിന്ദ്രനാഥ ടാഗോറിന്‌ എഴുതിയ കത്തില്‍ ഒരു പ്രശസ്ത ടെലഗ്രാഫ്‌ കമ്പനിയുടെ പ്രതിനിധി തന്നെ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ എടുക്കാന്‍ കമ്പനിയെ അനുവദിക്കണം എന്ന് അവശ്യപ്പെട്ടതായി പറയുന്നുണ്ട്‌. ഏന്നാല്‍ ശ്രീ ബോസ്സിന്‌ തന്റെ കണ്ടുപിടിത്തങ്ങള്‍ക്കുപരിയായി വാണിജ്യതാത്പര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കമ്പനിയുടെ ആവശ്യം നിരസ്സിച്ചു. ഈ പ്രതിനിധി മാര്‍ക്കോണിയുടെ ടെലഗ്രാഫ്‌ കമ്പനിയുടെ M D ആയിരുന്ന Stephen Flood Page അണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു പ്രധാന സംഭവം പ്രബന്ധം അവതരിപ്പിക്കാന്‍ ലണ്ടനിലെത്തിയ ബോസ്സിന്റെ പരീക്ഷണവിവരങ്ങള്‍ അടങ്ങിയ നോട്ട്‌പുസ്തകം അപ്രത്യക്ഷമായതാണ്‌, അവ മോഷ്ടിക്കപ്പെട്ടതായാണ്‌ കരുതപ്പെടുന്നത്‌. മാര്‍ക്കോണി തന്റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്‌ വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം(1937-ല്‍) സ്വയം എഡിറ്റ്‌ ചെയ്ത്‌ ഒരു ഒരു പുസ്തകത്തില്‍ തന്റെ പരീക്ഷണങ്ങളുടെ നിര്‍ണ്ണായകഘട്ടത്തില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്സിന്റെ കണ്ടുപിടിത്തം തനിക്ക്‌ വളരെ സഹായമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്‌.

മാര്‍ക്കോണി നീ മിടുക്കനാണ്‌, മിടുമിടുക്കനാണ്‌. കാരണം, ഞാനെന്റെ നല്ല പ്രായത്തില്‍ ബാറിലെ വിവിധ ബ്രാന്റുകള്‍ പരീക്ഷിച്ചപ്പോള്‍ നീ നിന്റെ വീടിന്റെ തട്ടുമ്പുറത്തിരുന്ന് കമ്പിയില്ലാകമ്പി അടിച്ച്‌ പരീക്ഷിച്ചു. നിന്റെ തന്തപ്പിടിക്ക്‌ കാശുണ്ടായിരുന്നതു കൊണ്ട്‌ ലോകത്തിലെ എല്ലാ ശാസ്ത്രീയകൊച്ചുപുസ്തകങ്ങളും ഉപകരണങ്ങളും നിന്റെ മുന്‍പിലെത്തി. എന്നാലും, ഒരു മുന്നാം ലോകരാജ്യത്തിന്റെ ബുദ്ധിയാണ്‌ നീ മോഷ്ടിച്ച്‌ പേരും പണവും നേടിയത്‌. കാര്യം ശരിയാണ്‌, മര്യാദക്ക്‌ നീ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ധാര്‍മ്മികതയും പുണ്യവും പറഞ്ഞു നിരസ്സിച്ചു. എന്നാലും മാര്‍ക്കോണി, ഞങ്ങളോടീച്ചതി വേണ്ടായിരുന്നു. നിനക്ക്‌ നോബല്‍ സമ്മാനം കിട്ടിയതിന്റെ 100ാ‍ം വാര്‍ഷികം ലോകം ആഘോഷിക്കാന്‍ തുടങ്ങുമ്പോള്‍ നിന്നെ മരമാക്രി എന്നെങ്കിലും വിളിച്ച്‌ തത്ക്കാലം ഞങ്ങളാശ്വസിക്കട്ടെ...

NB: ഈ കുറിപ്പിന്റെ ശാസ്ത്രീയവശങ്ങളും ഉറവിടങ്ങളുമറിയാന്‍ ഇവിടെ തപ്പുക.

17 January 2009

നാറാണത്തുഭ്രാന്തന്‍ ബൂലോഗത്തിലേക്ക്‌

ഹ...ഹ... ഹ...

ഇത്‌ ഭ്രാന്തമായ ചിരിയല്ല... ജീവിതത്തിന്റെ നശ്വരത കണ്ടെത്തിയവന്റെ ആനന്ദം നിറഞ്ഞ പൊട്ടിച്ചിരിയാണ്‌...

ജീവിതരഹസ്യങ്ങള്‍ സരസമായി അവതരിപ്പിച്ചതിന്‌ നിങ്ങളെന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തി...ഭാരിച്ച കല്ലുമുരുട്ടി മല കയറി, അതില്‍ നിര്‍വൃതി കൊള്ളുന്നതിനും മുന്‍പേ തള്ളി താഴെയിട്ട്‌ കൈകൊട്ടി പൊട്ടിച്ചിരിക്കുന്നവന്‍ നിങ്ങളുടെ കണ്ണില്‍ ഭ്രാന്തന്‍...ഹ...ഹ....ഹ

ഒന്ന് ചോദിക്കട്ടെ... നിങ്ങളും കല്ലുരുട്ടി കയറ്റുകയല്ലേ? എന്നിട്ടോ... എന്നെ പോലെ സന്തോഷിക്കാന്‍ നിങ്ങള്‍ക്കാകുന്നുണ്ടൊ? നേരന്തിയോളം എന്നെപ്പോലെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിന്റെ സന്തോഷം നാളെ നാളെ നീളേ നീളേ എന്ന് നീങ്ങിപോകുന്നത്‌ നിങ്ങളുമറിയുന്നില്ലെ!

ഇന്നുരുട്ടികേറ്റുന്ന കല്ലിന്റെ സന്തോഷം ഇന്ന് അനുഭവിക്കാനുകുന്നില്ലെങ്കില്‍? ഹ...ഹ... ഹ... ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍... സന്തോഷത്തിന്റെ പാരമ്യത്തില്‍ സ്വയം മറക്കുന്നവന്‍.

ചിലപ്പോഴൊക്കെ ഉരുട്ടികയറ്റുന്ന ജീവിതഭാരം നെഞ്ചിന്‍കൂട്‌ തകര്‍ത്ത്‌ പിറകോട്ട്‌ പോയിട്ടുണ്ട്‌... എന്നിട്ടും മടുപ്പില്ലാതെ ഞാനതവര്‍ത്തിച്ചു... കാരണം ഞാനതില്‍ ജീവിതത്തിന്റെ അര്‍ത്ഥവും രാഗവും താളവും കണ്ടെത്തി...

ഇല്ല എനിക്ക്‌ മടുപ്പില്ല... ഞാന്‍ ഒരിക്കലും പിന്തിരിയില്ല... പക്ഷെ, ഞാനെന്റെ പണിസ്ഥലം ഒന്നു മാറ്റുകയാണ്‌... ഇനി ഈ ബൂലോകം ആണെന്റെ മല... ഇനിയും ഒരുപാട്‌ കല്ലുകള്‍ എനിക്കുരുട്ടികയറ്റണം, തള്ളി താഴെയിടണം... കൈകള്‍ കൊട്ടി പൊട്ടിച്ചിരിക്കണം...ഹ... ഹ... ഹ... ഞാന്‍ ഭ്രാന്തന്‍, നാറാണത്തുഭ്രാന്തന്‍.